ചന്ദനത്തോട് (കണ്ണൂർ): മണ്ണിടിയുകയാണ്. കൂടെ കല്ലും വീഴുന്നു. തലശ്ശേരി- നെടുംപൊയിൽ - പേര്യ - മാനന്തവാടി - ബാവലി അന്തർ സംസ്ഥാന പാതയുടെ ചുരം റോഡിൻ്റെ നിർമാണം പ്രതിസന്ധിയിലാണ്. തിങ്കളാഴ്ച രാത്രിയിലും മണ്ണിടിഞ്ഞ് നിർമ്മാണ കൾക്ക് മുകളിൽ വീണ് നാശം സംഭവിച്ചു. കനത്ത മഴ തുടരുന്നത് മാത്രമല്ല പ്രദേശത്തിൻ്റെ ഭൂമി ശാസ്ത്രപരമായ ഘടനയിൽ മാറ്റം വരികയും ചെയ്തിട്ടുണ്ട് എന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. ചുരത്തിലും ചുറ്റുമുള്ള പലയിടങ്ങളിലുമായി ഭൂമിയിൽ വിള്ളൽ കണ്ടെത്തിയത് രണ്ട് മാസം മുൻപാണ്. എന്നാൽ പ്രാധാന്യമുള്ള റോഡ് എന്ന പരിഗണനയിൽ ഈ റോഡ് അടിയന്തരമായി പുനർനിർമിക്കണമെന്ന നിർബന്ധപൂർണമായ സമ്മർദ്ദം കാരണം തിരക്കിട്ട് പണികൾ തുടങ്ങിയിരുന്നു. ജിയോളജി വകുപ്പിൻ്റെ നിഗമനങ്ങൾ മാറ്റി വച്ചാണ് ആവശ്യം പരിഗണിച്ച് പണികൾ തുടങ്ങിയത്. പക്ഷെ തുടർച്ചയായി മണ്ണിടിയുന്നത് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പണികൾക്കിടയിൽ തൊഴിലാളി മരിച്ചിരുന്നു. മരണകാരണം സംബന്ധിച്ച ആരോപണവുമായി നാട്ടുകാർ രംഗത്തുണ്ട്. കല്ലും മണ്ണും വീണതിനെ തുടർന്ന് കമ്പിക്കെട്ടിൽ ഇളക്കം തട്ടിയതിനെ തുടർന്നുണ്ടായ അപകടമാണ് മരണകാരണമെന്ന് കൂടെയുണ്ടായിരുന്നവരും ഒപ്പം പരുക്കേറ്റവരും പറയുമ്പോൾ ഒരു കമ്പിയെ വലിച്ചുകെട്ടിയിരുന്ന ചെറിയ കയർപൊട്ടിയാണ് മരണം സംഭവിച്ചതെന്നും ഇത് കരാറുകാരൻ സുരക്ഷിതത്വം ഉറപ്പാക്കാതെ നടത്തിയ പണികളുടെ ഫലമാണെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൻ പലയിടങ്ങളിലായി ചുരം മേഖലയിൽ മൂന്ന് കിലോമീറ്ററോളം നീളത്തിൽ സോയിൽ പൈപ്പിങ് സാധ്യത നിലനിൽക്കുകയാണ് എന്നാണ് വിദഗ്ധരുടെ നിഗമനം. ശരിയായ പ്രതിസന്ധി വ്യക്തമാകണമെങ്കിൽ വിശദമായ പരിശോധന വേണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിഷയം എന്തായിരുന്നാലും നാട്ടുകാർ യാത്ര ദുരിതത്തിലാണ്. പരിഹരിക്കണമെങ്കിൽ റോഡ് വേണം. പണിയാൻ കാലവസ്ഥയും ചുറ്റുപാടുകളും തടസമാകുകയാണ്. സർക്കാരിന് കോടികളുടെ നഷ്ടമാണ് പ്രതിദിനം ഉണ്ടാകുന്നതും.
Landslides continue in the construction area of Periya Pass. Works to crisis....